സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

ഇങ്ങിനെയും ഒരു ബസ്‌ യാത്ര

14 February 2010

എന്റെ കുട്ടി ക്കാലത്ത് ബസ്സില്‍ കയറാന്‍ മോഹിച്ചു 12 കിലോ മീറ്റര്‍ ഞാന്‍ ഓടേണ്ടി വന്ന കഥ ഇക്കാലത്ത് ആരോടെങ്കിലും പറഞ്ഞാല്‍ അതും ഇത്രയും ആധുനിക സൌകര്യങ്ങളില്‍ ജീവിക്കുന്ന പുത്തന്‍ തലമുറ ക്കാരോട് പറഞ്ഞു പോയാല്‍ അവര്‍ക്കൊന്നും അത് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലുംഎന്റെ മറ്റു പല സംഭവ കഥകളും നിങ്ങളോട് തുറന്നു പറഞ്ഞ നിലക്ക് ഇത് കൂടിപറയാതിരിക്കാന്‍ എനിക്കും കഴിയുന്നില്ല.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഉച്ച ഭക്ഷണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ് എന്റെ മൂത്ത രണ്ടാമത്തെ സഹോദരി ഒരു ആണ്‍ കിഞ്ഞിനു ജന്മം നല്‍കിയ വിവരം ഉമ്മ പറഞ്ഞു അറിയുന്നത്.ഞാന്‍ വളെരെ സന്തോഷിച്ചു.കുട്ടിയെ കാണാന്‍ അവര്‍ പോവുമ്പോള്‍ അവരുടെ കൂടെ എനിക്കും ബസ്സില്‍ കയറി യാത്ര ചെയ്യമെല്ലോ എന്ന സന്തോഷമായിരുന്നു എന്റെ മനസ്സിലപ്പോള്‍.

ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള രാമപുരം എന്ന ദേശത്താണ് പെങ്ങളുടെ വീട്. കുട്ടിയെ കാണുന്നതിനായി ഉമ്മയും എന്റെ ഏറ്റവും മൂത്ത ജേഷ്ടനും കൂടി പെങ്ങളുടെ വീട്ടിലേക്കു പോകാന്‍ ഒരുങ്ങുകയാണ്. എനിക്ക് ഉച്ചക്ക് ശേഷം സ്കൂളില്‍ പോവനുള്ളത് കൊണ്ട് എന്നെ ഒഴിവാക്കി പോവാനാണ് ഉമ്മന്റെയും ജേഷ്ടന്റെയും പ്ലാന്‍.പക്ഷെ അവരുടെ തീരുമാനം വകവെക്കാതെ അവര്‍ ബസ്‌ സ്ടോപ്പിലെക്ക് പോകാനൊരുങ്ങുമ്പോള്‍ ഞാനും കൂടെ വരുന്നുണ്ടെന്നു പറഞ്ഞു വാശി പിടിച്ചു അവരുടെ കൂടെ പുറപ്പെട്ടു. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും എന്നെ കൊണ്ടുപോകാന്‍ സമ്മതം മൂളി.അങ്ങിനെ ഞാന്‍ അവരുടെ കൂടെ പോവാനൊരുങ്ങുമ്പോള്‍ ഞാന്‍ മാമ എന്ന് വിളിക്കുന്ന എന്റെ നേരെ ജേഷ്ടന്‍ ഞാന്‍ സ്കൂള്‍ ഒഴിവാക്കി പോകുന്നതില്‍ നിന്നും എന്നെ തടയുന്നതിനായി ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ കടന്നു വന്നു. . അവന്‍ പഠനത്തില്‍ സ്കൂളിലെ ഒന്നാമനാണ്‌. ഞാന്‍ നേരെ മറിച്ചും. അത് കൊണ്ട് തന്നെ പഠന കാര്യങ്ങള്‍ക്കു തടസ്സം വരുന്ന ഒരു വിട്ടു വീഴ്ചക്കും അവന്‍ തയ്യാറായിരുന്നില്ല. എന്നെ നേരിട്ട് സ്കൂളില്‍ കൊണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഞാന്‍ ഉമ്മയുടെ കൂടെ പോവുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ അവന്‍ പരമാ വധി ശ്രമിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കില്‍ ബസ്സില്‍ കയറാനുള്ള മോഹവും കൂടാതെ സ്കൂളില്‍ ആവുമ്പോള്‍ സ്ഥിരമായി കിട്ടാറുള്ള ടീച്ചറുടെ അടിയില്‍ നിന്നും ചീത്ത വിളിയില്‍നിന്നും താത്കാലിക മയെങ്കിലും രക്ഷപെടാന്‍ കിട്ടിയ സന്ദര്‍ഭം ജേഷ്ടന്‍ തടഞ്ഞാലും വിട്ടു കൊടുക്കില്ല എന്ന വീറോടെ മുന്നോട്ടു നീങ്ങി.

ഞങ്ങള്‍ തമ്മില്‍ എട്ടു വയസ്സിന്റെ വെത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ അവന്‍ പിടിച്ചാല്‍ ഒതുങ്ങാവുന്ന കരുത്തേ എനികുണ്ടയിരുന്നുള്ളൂ. ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ഇടയ്ക്കിടയ്ക്ക് അവനോടു എന്നെ തടയണ്ട എന്നും അവന്‍ ഞങ്ങള്ടെ കൂടെ വന്നു കൊള്ളട്ടെ എന്നൊക്കെ അവനോടു പറയുന്നുണ്ടെങ്കിലും അവന്‍ എന്നെ വിടാന്‍ തയ്യാറായിരുന്നില്ല.വീട്ടില്‍ നിന്ന് ബസ്‌ സ്റ്റോപ്പ്‌ വരെ യുള്ള ഒന്നര കിലോമീറ്റര്‍ ദൂരമത്രയും അവന്റെ ബാലിശ മായ കൈകള്‍ എന്റെ ഒരു കയ്യിലും ഷര്‍ട്ട്‌ന്റെ കോളര്‍ലും ഉണ്ടായി കൊണ്ടേ ഇരുന്നു. ഏതാണ്ട് ഒരു പശു കുട്ടിയെ കയര്‍ ഇട്ടു പിടിച്ച പോലെ!.

ഞങ്ങള്‍ എല്ലാവരും കൂടി ഞങ്ങളുടെ സൊദേശമായ മങ്കടയിലെ ബസ്‌ സ്റ്റോപ്പില്‍ എത്തി. അന്നൊക്കെ മണിക്കൂറുകള്‍ കൂടുമ്പോള്‍ ആയിരുന്നു ബസ്സുകള്‍ പോയികൊണ്ടിരുന്നത്.ഞങ്ങള്‍ ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ്‌ വന്നു.ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ബസിലേക്ക് കയറുന്നതോടൊപ്പം ഞാനും അവരുടെ കൂടെ കയറാന്‍ ശ്രമിക്കവേ മേല്‍ പറഞ്ഞ ജേഷ്ടന്റെ കൈ ഒന്ന് കൂടി വരിഞ്ഞു മുറുക്കി.ഞാന്‍ കുതറി യോടന്‍ ശ്രമിച്ചെങ്കിലും അവന്റെ കൈ കരുത്തില്‍ എനിക്കൊന്നു അനങ്ങാന്‍ പോലും പറ്റാതെ എന്റെ ഉമ്മയും ഏറ്റവും മൂത്ത ജേഷ്ടനും ബസ്സില്‍ കയറി പോകുന്നത് നിസ്സഹായനായി കണ്ണീരോടെ നോക്കി നില്‍ക്കുവാനെ കഴിഞ്ഞുള്ളു.ബസ്സ്‌ പുറ പ്പെട്ടിട്ടും എന്റെ കയ്യിലെ പിടി അവന്‍ വിട്ടില്ല. കാരണം കുറച്ചു താഴെ ആയി അപ്പുറത്ത് മറ്റൊരു സ്റ്റോപ് കൂടി ഉള്ളത് കൊണ്ട് അവിടെ ബസ്സ്‌ നിറുത്തി ആളെ എടുത്തു പോകുമ്പോള്‍ അവിടേക്ക് ഓടി ചെന്ന് കയറുമോ എന്നായിരുന്നു അവന്റെ ഭയം. ബസ്സ്‌ അവിടെ നിന്ന് കൂടി വിട്ടതിന്നു ശേഷ മാണ് അവന്‍ എന്റെ കയ്യിലെ പിടി വിട്ടത്.

അവന്‍ എന്റെ കയ്യിലെ പിടി വിട്ടതും ഞാന്‍ കയറൂരി വിട്ട നായയെ പോലെ ബസ്സിനു പിറകെ ബസ്സിനെ ലക്ഷിയ മാക്കി ഓടാന്‍ തുടങ്ങി.ബസ്സ്‌ അപ്പോഴേക്കും കാണാവുന്നതിലും അപ്പുറത്ത് എത്തി കഴിഞ്ഞിരുന്നു. എങ്കിലും ഞാന്‍ ഓട്ടം നിറുത്തിയില്ല. അന്ന് എട്ടു വയസ്സ് മാത്രം പ്രായമുള്ള ഞാന്‍ അന്ന് വരെ എന്റെ സൊദേശമായ മങ്കട വിട്ടു നടന്നോ ബസ്സിലോ തനിച്ചു പോയിട്ടില്ല. ആ ഞാന്‍ ഒരു ചില്ലി കാശും ഇല്ലാതെ 12 കിലോമീറ്റര്‍ അകലെയുള്ള പെങ്ങളുടെ വീട്ടിലേക്കു തനിച്ചു പോകാന്‍ ധൈര്യം വന്നത് ബസ്സില്‍ കയറി യാത്ര ചെയ്യാനുള്ള അമിത മായ മോഹവും കൂടാതെ എന്നെ തടഞ്ഞു നിറുത്തിയ ജേഷ്ടനോടുള്ള വാശിയും തന്നെ യായിരുന്നു. എനിക്ക് പെങ്ങളുടെ വീട്ടില്‍ എത്തിച്ചേരാന്‍ ഉള്ള വെക്തമായി വഴിയും റോഡു പരിചയമൊന്നും എനിക്കില്ല. ഉമ്മാന്റെ കൂടെ മുമ്പ് പോയതില്‍ നിന്നും പോകേണ്ട വഴിയിലെ ചില ലാന്‍ഡ്‌ മാര്‍ക്ക്‌ മനസ്സില്‍ തങ്ങി നില്പുണ്ടായിരുന്നു. പോകുന്ന വഴിയില്‍ രണ്ടു മെയിന്‍ റോഡുകള്‍ കൂടിച്ചേരുന്ന ഒരു ജങ്ക്ഷന്‍ ഉള്ളതും അവിടുന്ന് തിരിഞ്ഞു വേണം രണ്ടാമെത്തെ ബസ്സിനു കാത്തു നില്‍കേണ്ടത് എന്നൊക്കെ.രണ്ടാമെത്തെ ബസ്സില്‍ കയറി കുറച്ചു ദൂരം ചെന്നാല്‍ ഒരു അമ്പലവും അതിന്റെ വലിയ കവാടവും നില്‍ക്കുന്ന സ്ഥലമാണ്‌ എന്റെ പെങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന രാമപുരം എന്ന ഒരു ഏകദേശ രൂപവും മനസ്സില്‍ കൂട്ടി യാണ് ഞാന്‍ ഓടികൊണ്ടിരിക്കുന്നത്.

കുറെ ഓടി ഓടി ഞാന്‍ രണ്ടു മെയിന്‍ റോഡു കൂടിച്ചേരുന്ന സ്ഥലത്തെത്തി.അവിടെ നിന്നും തിരിഞ്ഞു പോകുന്ന റോഡിലെ ബസ്‌ സ്ടോപ്പിലെങ്ങാനും എന്റെ ഉമ്മയും ജേഷ്ടനും രണ്ടാമത്തെ ബസ്സിനായി കാത്തു നില്പുണ്ടോ എന്ന് നോക്കി. പക്ഷെ അവിടെ യൊന്നും അവരെ കാണാന്‍ കഴിഞ്ഞില്ല . ഞാന്‍ ബസ്സിനു പിറകെ ഓടി വരുന്നത് എന്റെ സ്നേഹ നിധിയായ ഉമ്മ ഒട്ടും അറിഞ്ഞു കാണില്ലല്ലോ . ഇങ്ങിനെ ഞാന്‍ ഓടിവരും എന്ന് അല്‍പ മെങ്കിലും ഒരു പ്രതീക്ഷ അവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്നെ എത്ര സമയം വേണമെങ്കിലും അവിടെ കാത്തു നില്‍ക്കാതിരിക്കില്ല എന്നെനിക്കറിയാം . അങ്ങിനെ നിരാശനായി അവിടെ നിന്നും മേല്പറഞ്ഞ അമ്പലവും കവാടവും ലകഷ്യ മാക്കി വീണ്ടും ഓട്ടം തുടര്‍ന്നു. വിശപ്പ്‌ അടക്കാന്‍ കാശ് ഇല്ലാതെ ദാഹം തോന്നുമ്പോള്‍ റോഡു സൈഡിലെ പൈപ്പുകളില്‍ നിന്നും വെള്ളം കുടിച്ചു ദാഹം തീര്‍ത്തു. ഓട്ടം നിറുത്തുമ്പോള്‍ കൈ കാലുകള്‍ കുഴയാന്‍ തുടങ്ങുന്നത് കൊണ്ട് ഒരു നിശ്ചിത വേഗത്തില്‍ ഓട്ടം തുടര്‍ന്നു കൊണ്ടേ ഇരുന്നു.പോകുന്ന വഴിയിലെ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ സ്പോര്‍ട്സ് നടക്കുന്നിടത്ത് കുറച്ചു നേരം ചിലവഴിച്ചു അവിടെ നിന്നും യാത്ര തുടര്‍ന്നു.അങ്ങിനെ ഓടി കൊണ്ടിര്ക്കുന്നതിനിടയില്‍ ഞാന്‍ രാമപുരം അമ്പലപ്പടി കുറെ അകലെ നിന്ന് തന്നെ കാണാന്‍ തുടങ്ങി .എനിക്ക് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു പോയി, വാസ്കോഡ ഗാമക്ക് പണ്ട് കോഴിക്കോട് കപ്പല്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ ഒരു പ്രതീതി ആയിരുന്നു ഞാന്‍ അമ്പലവും കവാടവും കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്കുണ്ടായത്.

അമ്പലത്തിനു അടുത്തെത്തി അവിടുന്ന് പെങ്ങളുടെ വീട്ടിലേക്കു ഉള്ള ഉള്‍ വഴി യിലേക്ക് തിരിയുന്നതിനിടയിലാണ് എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ അമ്പല കവാടത്തിനു മുമ്പിലുള്ള ബസ്‌ സ്റ്റോപ്പില്‍ ആ കാഴ്ച കണ്ടത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ പ്രിയ പെട്ട ഉമ്മയും ജേഷ്ടനും! .അവര്‍ പെങ്ങളെയും കുട്ടിയേയും കണ്ടു തിരിച്ചു വന്നു മങ്കടയിലേക്കുള്ള ബസ്സിനായി കാത്തു നില്‍ക്കുക യായിരുന്നു അവിടെ. ഓടിച്ചെന്നു ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.ഉമ്മയും ജേഷ്ടനും ഞാന്‍ എങ്ങിനെ അവിടെ എത്തിപെട്ടു എന്നറിയാതെ സ്തംഭിച്ചു നിന്ന് പോയി. എന്റെ വെയില്‍കൊണ്ടു കരുവാളിച്ച മുഖവും വിയര്‍ത്തൊലിച്ചു ക്ഷീണിച്ച ശരീരവും കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം പിടികിട്ടി. ഞാന്‍ നടന്നും ഓടിയും ഒക്കെ ആണ് അവിടെ എത്തി പെട്ടതെന്ന് . ഞാന്‍ അവരുടെ കൂടെ തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോള്‍ ജേഷ്ടന്‍ പറഞ്ഞു "ഇവിടം വന്ന സ്ഥിതിക്ക് കുട്ടിയെ കൂടി കണ്ടു വേഗം തിരിച്ചു വാ ".

ഞാന്‍ ഉടനെ തന്നെ പെങ്ങളുടെ വീട്ടില്‍ ചെന്ന് കുട്ടിയെ കണ്ടു. പെങ്ങള്‍ എന്റെ തനിച്ചുള്ള വരവ് കണ്ടു കാര്യങ്ങള്‍ തിരക്കി. ഞാന്‍ സംഭവിച്ചിതല്ലാം പെങ്ങളോട് തുറന്നു പറഞ്ഞു.പെങ്ങളുടെ വീട്ടില്‍ നിന്നും ചായയും പലഹാരവും കഴിച്ചു ഉടന തന്നെ ഉമ്മയും ജേഷ്ടനും ബസ്‌ കാത്തു നില്‍ക്കുന്നിടത്തെക്കു ഓടി എത്തി. എനിക്കപ്പോഴും ബസ്സില്‍ കയറാന്‍ ഉള്ള തത്രപ്പാടിലയിരുന്നു. ഇനി എന്തായാലും എന്നെ ക്കൂടാതെ തിരിച്ചു പോകാന്‍ കഴിയില്ലല്ലോ എന്ന മനസ്സമാധാനവും. അങ്ങിനെ ഞങ്ങള്‍ക്ക് മടങ്ങാനുള്ള ബസ്സ്‌ വന്നു.അതില്‍ കയറി കണ്ടക്ടര്‍ ടെ ചൂളം വിളിയോടെ ഡ്രൈവറുടെ ചറ പറ ഹോര്ന്‍ അടിയു മയി ബസ്സ്‌ മുന്നോട്ട് കുതിച്ചപ്പോള്‍ സീറ്റില്‍ ഇരുന്നു മുന്‍ സീറ്റിന്റെ കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കുമ്പോള്‍ ബസ്സ്‌ പോകുന്നതിലേറെ വേഗത്തില്‍ വീടുകളും മരങ്ങളും നെല്പാടങ്ങളുംപിന്നോട്ട് പോയികൊണ്ടിരുന്നത് കണ്‍ കുളിര്‍ക്കെ കണ്ടു മനസ്സ് നിറഞ്ഞു ആസ്വദിച്ചപ്പോള്‍ എന്റെ ക്ഷീണവും വിയര്‍പ്പും എല്ലാം പമ്പ കടന്നു.അത്രയും സന്തോഷവും സുഖവും തോന്നിയ ഒരു യാത്ര എന്റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടില്ല. ഇപ്പോഴെത്തെ ആധുനിക സൌകര്യങ്ങളോട് കൂടിയ വിമാന യാത്രയില്‍ പോലും!.കാരണം ആ ഒരു യാത്രക്ക് വേണ്ടി ഞാന്‍ അത്രയും കഷ്ടപെട്ടിട്ടുണ്ടായിരുന്നു.

Read more...

ഒരു മുടിയനായ പുത്രന്റെ കേരള യാത്ര

4 November 2009

പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജുനിയര്‍ മാന്‍ഡ്രേക്ക്  എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

അങ്ങിനെ ആ പ്രോഗ്രസ്സ് കാര്‍ഡ്‌ എന്ന ഒഴിയാ ബാധ കാരണം ഞാന്‍ ഒളിച്ചോടി പോകാന്‍ വേണ്ടി കാശുണ്ടാക്കാനുള്ള വഴികളെ കുറിച്ച് ആലോചിച്ചു.ഒരാശയം മനസ്സില്‍വന്നു.അന്ന് വീട്ടില്‍ എന്റെ നേരെ ജേഷ്ടന്റെ ഫ്രണ്ട്നെയും ഭാര്യ യേയും സല്കാരത്തിന് ക്ഷണിച്ചിരുന്ന വിവരം ഞാന്‍ എന്റെ പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പോസ്റ്റില്‍ കാണിച്ചിരുന്നത് ഓര്‍ക്കുമല്ലോ. അവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ തരുന്ന കാശു കൊണ്ട് നാട് വിടാം എന്ന് മനസ്സില്‍ കരുതി. സാധനങ്ങള്‍ വാങ്ങാനുള്ള കാശ് എന്റെ മൂത്ത ജേഷ്ടന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എടുക്കാനുള്ള ഉമ്മയുടെ അനുവാദം കിട്ടി.ഞാന്‍ കൈകള്‍ വിറച്ചു കൊണ്ട് പോക്കറ്റിലുള്ള മുഴുവന്‍ കാശും എടുത്തു.അപ്പോള്‍ ആ പോക്കറ്റില്‍ ആകെ 60 രൂപയോളം ഉറുപ്പികയാണ് ഉണ്ടായിരുന്നത് . (ഈ സംഭവം 25 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്) .എനിക്ക് സങ്കടവും പേടിയും വരാന്‍ തുടങ്ങി. കാരണം ഞാന്‍ അന്ന് വരെ പെരിന്തല്‍മണ്ണ യുടെ അപ്പുറത്തേക്ക് തനിച്ചു യാത്ര ചെയ്തിട്ടില്ല. കൂടാതെ വീട്ടില്‍ പോലും അധ്വാനിച്ചു ഒരു ജോലി ചെയ്തിട്ടില്ല.ഇങ്ങിനെയുള്ള ഞാന്‍ എങ്ങിനെ യാണ് വല്ല ജോലിയും കിട്ടിയാല്‍ തന്നെ ചെയ്യുക എന്നും കൂടാതെ അന്നോളം വരെ വീട്ടുകാരെ പിരിഞ്ഞിട്ടില്ലാത്ത ഞാന്‍ ആദ്യമായി അവരെ പിരിയേണ്ടി വരുന്നു എന്നും , അതും അവരറിയാതെ എന്നോര്‍ത്തപ്പോള്‍ ഞാന്‍ മനസ്സില്‍ പൊട്ടി കരയുകയായിരുന്നു. ഇതൊന്നു പുറത്തു കാണിക്കാതെ ഉമ്മയോട് സാധനങ്ങള്‍ വാങ്ങിവരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി.
സാധനങ്ങള്‍ വാങ്ങിക്കാതെ പാര്‍ട്ടി കുളമാക്കി വീട്ടുകാരെ അപമാനിക്കരുതന്നു കരുതി ഞങ്ങളുടെ ലോക്കല്‍ സിറ്റി ആയ മങ്കടയില്‍ നിന്നും പാര്‍ട്ടിക്ക് വേണ്ട അത്യവശ്യം സാധനങ്ങള്‍ മാത്രം വാങ്ങി ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ വശം കൊടുത്തു വിടുകയായിരുന്നു.ഞാന്‍ ആദ്യം മങ്കടയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് ബസ്‌ കയറി.അവിടെ K.S.R.T.C ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് എവിടേക്ക് യാത്ര ചെയ്യണം എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് തിരുവനന്തപുരം ബസ്‌, സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നത്‌ കണ്ടത്‌ . അതില്‍ കയറി കയ്യില്‍ ആകെ യുള്ള 35 രൂപയില്‍ നിന്ന് 15 രൂപ വഴി ചിലവിനായി മാറ്റിവെച്ചു. കണ്ട്ക്ടര്‍ വന്നു എവിടപോകണം എന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരം എന്ന് പറഞ്ഞു കയ്യിലുള്ള 20 രൂപ നീട്ടി. കണ്ട്ക്ടര്‍ പറഞ്ഞു തിരുവനന്തപുരത്തേക്ക് 27 രൂപ വേണം.ഞാന്‍ ചോദിച്ചു 20 രൂപയ്ക്കു എവിടം വരെ പോകാം?. കണ്ട്ക്ടര്‍ പറഞ്ഞു ആലപ്പുഴ വരെ . എങ്കില്‍ ആലപ്പുഴയിലേക്കുള്ള ടിക്കറ്റ്‌ തന്നോളു.കണ്ട്ക്ടര്‍ സാധാരണ ആളുകള്‍ പറയാത്ത മറുപടി കൊണ്ടാവാം എന്നെ അടിമുടി ഒന്ന് നോക്കി ടിക്കറ്റ്‌ തന്നു തിരിച്ചു പോയി, പിന്നീട് ബസില്‍ ഇരുന്നു കൊണ്ട് ഭാവി പരിപാടിയെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി. എങ്ങിനെയാണ്‌ ജോലി കിട്ടുക.ആരോടാണ് ജോലി ചോദിക്കുക. എന്ത് ജോലിയാണ് എനിക്ക് ചെയ്യാന്‍ കഴിയുക,എവിടെ യാണ് ഉറങ്ങുക എന്നൊക്കെ. എനിക്കാണെങ്കില്‍ ശരീരം ഇളകി ജോലി ചെയ്യാത്തതുകൊണ്ട് അങ്ങിനെ ഭാരിച്ച ജോലി കിട്ടിയാല്‍ തന്നെ ചെയ്യാന്‍ പറ്റുക യില്ല.ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.എന്റെ പത്താം ക്ലാസ്സ്‌ യോഗ്യത വെച്ച് ചെയ്യാന്‍ കിട്ടുന്ന ജോലികള്‍ എന്തൊക്കെ യാണ്.രണ്ടു ജോലികളാണ് എന്റെ മനസ്സില്‍ വന്നത് .ഹോട്ടലിലെ ജോലിയും,ഡോക്ടര്‍ടെ വീട്ടിലെ രോഗികള്‍ക്ക്‌ ടോക്കണ്‍ കൊടുക്കുന്ന ജോലിയും.ഇതില്‍ എനിക്കിഷ്ടപെട്ട ജോലി ഡോക്ടര്‍ടെ ടോക്കണ്‍ കൊടുക്കുന്ന ജോലിയായിരുന്നു. ആലപ്പുഴ എത്തിയാല്‍ ഈ ജോലിക്കായി ഡോക്ടര്‍ മാരുടെ വീടുകള്‍ കയറി അന്നോഷിക്കാം എന്നും തീരമാനിച്ചു.
രാവിലെ 10 മണിക്ക് യാത്ര പുറപെട്ട ഞാന്‍ വൈകുന്നേരം 5 മണിയോടെ ആലപ്പുഴയില്‍ എത്തി.ഇറങ്ങിയ ഉടനെ ഒരു കാലി ചായ വാങ്ങിച്ചു കുടിച്ചു നേരെ ഡോക്ടര്‍ മാരുടെ ബോര്‍ഡര്‍ ഉള്ള വീടുകള്‍ നോക്കി നടന്നു.ഓരോ ഡോക്ടര്‍ മാരുടെ വീട് കാണുമ്പോഴും ജോലി ചോദിക്കാന്‍ ധൈര്യം ഇല്ലാതെ അടുത്ത വീട് നോക്കി നടക്കും.ഇങ്ങിനെ രാത്രി 8 മണി വരെയും ഒരു ജോലി ഉണ്ടോ എന്ന് ചോദിയ്ക്കാന്‍ പോലും ധൈര്യം കിട്ടാതെ നിരാശനായി മടങ്ങി.വിശപ്പ്‌ താങ്ങാനാവാതെ അവശേഷിക്കുന്ന കാശില്‍ നിന്ന് 5 രൂപ കൊണ്ട് രാത്രി ഭക്ഷണവും കഴിച്ചു. നേരെത്തെ ചായ കുടിച്ച അതേ ഹോട്ടലില്‍ നിന്ന് തന്നെയാണ് രാത്രി ഭക്ഷണവും കഴിച്ചത്. അതിനു ശേഷം ആലപ്പുഴ K.S.R.T.C. ബസ്‌ സ്റ്റാന്റ് ലേക്ക് തന്നെ തിരിച്ചു പോയി. അവിടെ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റില്‍ ഞാനും ഇരുന്നു. ഉറങ്ങണമെങ്കില്‍ പേപ്പര്‍ വിരിച്ചു തറയില്‍ കിടക്കണം. എനിക്ക് ഉറക്കം വന്നില്ല. എനിക്ക് വീട്ടുകാരെ കുറിച്ചുള്ള ചിന്തകള്‍ വരാന്‍ തുടങ്ങി.ഉമ്മ എന്നെ കുറിച്ചാലോചിച്ചു സങ്കടപെടുന്നുണ്ടാവും.ജേഷ്ടന്മാരും എന്നെ അന്നോഷിച്ചു നടക്കുന്നുണ്ടാവും. ഇനി എന്ത് ചെയ്യും.വീട്ടിലേക്കു തന്നെ തിരിച്ചു പോയാലോ .വീട്ടില്‍ തിരിച്ചു ചെന്നാല്‍ കുറച്ചു വഴക്കോ അടിയോ കിട്ടി എന്ന് വരാം, എന്നാലും ഇവിടെ കിടന്നു നരകിക്കണ്ടല്ലോ എന്ന് കരുതി വീട്ടിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചു.
പോക്കറ്റിലെ കാശു എണ്ണി നോക്കി. ആകെ 5 രൂപ മാത്രം ബാക്കി. ഇതുകൊന്ടെങ്ങിനെ വീട്ടില്‍ എത്തും.നേരം വെളുത്തപ്പോഴേക്കും മനസ്സില്‍ ഒരു ഐഡിയ ഉദിച്ചു. എന്റെ നേരെ ജേഷ്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന പുതിയ വാച്ച് (ഏകദേശം അന്നത്തെ 400 ഉറുപ്പികയോളംവരും) കയ്യിന്മേലുണ്ടയിരുന്നത് ആര്‍കെങ്കിലുംകൊടുത്തു കിട്ടുന്ന കാശുമായി വീട്ടിലേക്കു തിരിക്കാം എന്ന് . ഇതിനു വേണ്ടി തലേ ദിവസം ഭക്ഷണം കഴിച്ച ഹോട്ടലില്‍ തന്നെ പ്രാതലിനും പോയി.എന്നെ മുന്ന് പ്രാവശ്യവും തുടര്‍ച്ച യായി കണ്ടപ്പോള്‍ കടയുടമ എന്നെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ അയാളോട് വീട്ടില്‍ നിന്നും ഒളിചോടിയതാണെന്നു പറയാതെ ഞാന്‍ കോട്ടയത്തുനിന്നും ബസില്‍ നിന്നും വരുമ്പോള്‍ എന്റെ കാശ്‌ പോക്കറ്റടിച്ചു പോയെന്നും വീട്ടിലേക്കു പോകണ മെങ്കില്‍ 40 രൂപയോളം ആവശ്യമുണ്ടന്നും ഇതിലേക്കായി ഞാന്‍ എന്റെ വാച്ച് നിങ്ങള്‍ക്ക് തന്നിട്ട് പോവാം എന്നും പറഞ്ഞു. എന്റെ വാച്ച് പുതിയതും വിലപിടിപ്പുള്ളതും ആയത് കൊണ്ട് ഞാന്‍ പറഞ്ഞത് സത്യമാണോ എന്ന് നോക്കാതെ അദ്ദേഹം ഉടനെ തന്നെ 40 രൂപ എനിക്ക് തന്നു.ഞാന്‍ അത് വാങ്ങി ബസ്‌ സ്റ്റാന്‍ഡില്‍ വന്നു നേരിട്ട് പെരിന്തല്‍മണ്ണയിലേക്ക് ബസില്ലാത്തതിനാല്‍ എറണാംകുളത്തേക്ക് ബസ്‌ കയറി.


അവിടെ നിന്നു ഞാന്‍ പെരിന്തല്‍മണ്ണയിലേക്ക് ബസ്‌ കാത്തു നില്‍കുമ്പോള്‍ ഒരു അപരിചിതന്‍ എന്നോട് വന്നു ചോദിച്ചു നിങ്ങള്‍ വല്ല ജോലിയും തേടി വന്നതാണോ എന്ന് .എന്തു കൊണ്ടാണ് എന്നോട് ചോദിക്കാന്‍ കാരണമെന്നറിയില്ല . എങ്കിലും ഞാന്‍ ചോദിച്ചു എന്താണ് നിങ്ങളുടെ കയ്യിലുള്ള ജോലി. അയാള്‍ പറഞ്ഞു സിഗ്ഗെരെറ്റ്‌ ബോക്സ്‌കള്‍ വാനില്‍ നിന്നും കടകളിലേക്ക് സപ്ലൈ ചെയ്യുന്ന ജോലി യാണെന്ന് . ജോലി പറഞ്ഞു കേട്ടപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നി. വീട്ടിലേക്കു മടങ്ങി ചമമണ്ടല്ലോ എന്നും കരുതി. കൂടുതല്‍ കാര്യങ്ങള്‍ അപരിചിതനോട് പറഞ്ഞു കൊണ്ടിര്ക്കുന്നതിനിടയില്‍ അദ്ധേഹത്തിന്റെ ജോലിക്കാരനാണെന്ന് പറഞ്ഞ ഒരാള്‍ അവിടേക്ക് വന്നു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം വളെരെ മുഷിഞ്ഞതയിരുന്നു. അയാളെ കണ്ടപ്പോള്‍ ഞാന്‍ കണക്കു കൂട്ടി ഇവരുടെ കൂടെ കൂടിയായാല്‍ എന്റെയും ഗതി ഇതായിരിക്കും എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് നിങ്ങളുടെ ജോലി വേണ്ട.ഞാന്‍ എന്റെ വീട്ടിലേക്കു മടങ്ങുകയാണെന്ന്.
കുറച്ചു കഴിഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്‌ കിട്ടി.അതില്‍ കയറി പെരിന്തല്‍മണ്ണയില്‍ എത്തി.അവിടെ നിന്ന് എന്റെ സ്വദേശമായ മങ്കട യിലേക്കുള്ള ബസില്‍ കയറി മങ്കടയില്‍ വന്നിറങ്ങി.അപ്പോഴേക്കും രാത്രി 9 മണി യായിരുന്നു. ആ സമയത്തും എന്റെ ജേഷ്ടന്മാര്‍ ഓരോ ബസ്‌ വരുമ്പോഴും ഞാന്‍ ഉണ്ടോ എന്ന് നോക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ വന്നിറങ്ങുന്ന സമയത്ത് എന്റെ മൂന്നു ജേഷ്ടന്‍ മാരും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ട ഉടനെ തന്നെ ഞങ്ങള്‍ എല്ലാവരും കൂടി ആലിംഗനം ചെയ്തു. ഒരു അഞ്ചു കൊല്ലം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തുന്ന പ്രതീതി ആയിരുന്നു അപ്പോള്‍. ഒരു ഗള്‍ഫില്‍നിന്ന് വന്നാല്‍ പോലും കിട്ടാത്ത സീകരണ മാണു എനിക്കവിടെ കിട്ടിയത്. ഉടനെ തന്നെ അവിടുന്ന് ടാക്സി പിടിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കി. ഉമ്മയും സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കരയുന്നുണ്ടായിരുന്നു.ഈ അവസ്ഥയില്‍ ഞാനും വളെരെ ഇളിഭ്യനായിരുന്നു. ഇനി ഒരിക്കലും വീട്ടു കാരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും എന്റെ പക്കല്‍ നിന്നും ഉണ്ടാവില്ല എന്ന് മനസ്സില്‍ ശപഥം ചെയ്തു. ഭക്ഷണവും കുളിയും കഴിഞ്ഞിരിക്കുമ്പോള്‍ എന്നോട് എന്റെ ജേഷ്ടന്‍ പറഞ്ഞു എന്റെ മാര്‍ക്കുകള്‍ ഒക്കെ അവര്‍ നേരത്തെ കണക്കു കൂട്ടിയത്‌ ആണെന്നും ഞാനൊന്നും ജയിക്കും എന്ന പ്രതീക്ഷയില്‍ അല്ല കോളേജില്‍ വിടുന്നതെന്നും പറഞ്ഞു. ഇനി പഠിക്കാത്തതിന്റെ പേരില്‍ എന്നെ ശകാരിക്കുകയോ അടിക്കുകയോ ഇല്ല എന്നും വീട് വിട്ടു പോകണം എന്ന് തോന്നുമ്പോള്‍ കുറച്ചു കൂടുതല്‍ കാശു കയ്യില്‍ കരുതാന്‍ ഉപദേശിക്കുകയും ചെയ്തു.
അങ്ങിനെ ചുമരില്‍ എറിഞ്ഞ ഗോട്ടി പോലെ ഞാന്‍ വീട്ടില്‍ തന്നെ തിരിച്ചെത്തി. പിന്നീടൊരിക്കലും നാട് വിടാന്‍ തോന്നിയിട്ടുമില്ല.

Read more...

പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജുനിയര്‍ മാന്‍ഡ്രേക്ക്

23 September 2009

പ്രിഡിഗ്രിക്ക് Mampad M.E.S college -ല്‍ പഠിക്കുന്ന സമയത്ത് ഒന്നാം വര്‍ഷ പ്രീഡിഗ്രിയുടെ ഫലം വന്നു S.S.L.C ക്ക് 216 മാര്‍ക്ക്‌ വാങ്ങി പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ്‌ തരപ്പെടുത്തിയ കാര്യം ഞാന്‍ എന്റെ പ്രൊഫൈലില്‍ വിവരിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ .ഫസ്റ്റ് ഗ്രൂപ്പില്‍ ഇന്ഗ്ലിഷില്‍ മാത്രമേ ക്ലാസ്സ്‌ എടുക്കുകയുള്ളൂ എന്ന് ക്ലാസ്സില്‍ എത്തിയതിനു ശേഷമാണ് അറിയുന്നത് .അതുകൊണ്ട് ഞാന്‍ കൂടുതലും ക്ലാസിനു പുറത്തായിരിന്നു ചിലവഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒന്നാം വര്‍ഷ പ്രീഡിഗ്രി യുടെ പരീക്ഷക്ക്‌ ദൈവത്തിന്റെ മാര്‍ക്കല്ലാതെ (ബ്രാക്കറ്റില്‍ നിന്നും തെരെഞ്ഞെടുത്ത്തെഴുതുന്നതില്‍ ദൈവം നിര്‍ദേശിക്കുന്നത് എടുത്തെഴുതുമ്പോള്‍ കിട്ടുന്ന മാര്‍ക്ക്‌ ) മറ്റൊന്നും എനിക്ക് കിട്ടിയതും ഇല്ല.

വീട്ടിലേക്കു പ്രോഗ്രസ്സ് കാര്‍ഡ്‌ അയക്കുന്നതിനു വേണ്ടി ക്ലാസ്സ്‌ ടൂട്ടെര്‍ ഞങ്ങളുടെ എല്ലാവരുടെയും വീട്ടിലെ അഡ്രസ്‌ കുറിച്ചെടുത്തു.അഡ്രെസ്സ് കൊടുത്തപ്പോള്‍ എന്റെ യഥാര്‍ത്ഥ പോസ്റ്റ്‌ കൂട്ടില്‍ എന്ന് കാണിക്കുന്നതിനു പകരം ഞങ്ങളുടെ അടുത്ത പ്രദേശത്തെ പോസ്റ്റ്‌ ആയ മങ്കട എന്ന് കൊടുത്തു. പോസ്റ്റ്‌ മങ്കട എന്ന് കൊടുത്തതുകൊണ്ട്‌ പ്രോഗ്രസ്സ് കാര്‍ഡ്‌ വീട്ടില്‍ എത്തില്ല എന്ന സമാധാനത്തില്‍ ഞാന്‍ ആശ്വാസം കൊണ്ടു.

ഒരാഴ്ച്ചയോളം ഇങ്ങനെ കഴിച്ചു കൂട്ടുന്നതിന്നിടയില്‍ അവിചാരിതമായി ഞാന്‍ മങ്കടയിലെ എന്റെ സ്നേഹിതന്‍മാരെ കാണാന്‍ ഇടയായി.അവര്‍ എന്നെ കണ്ട ഉടനെ തന്നെ യൂനുസ് എന്ന് പേരായ ഒരാളുടെ ഓപ്പണ്‍ പ്രോഗ്രസ്സ് കാര്‍ഡുമായി മങ്കടയിലെ പോസ്റ്റ്മാന്‍ ആളെ അന്നോഷിച്ചു നടക്കുന്നതായി അവര്‍ എന്നോട് പറഞ്ഞു. പത്തില്‍ കുറഞ്ഞ മാര്‍ക്കുകളും 2 absent കളുമാണ്‌ പ്രോഗ്രസ്സ് കാര്‍ഡില്‍ കാണിച്ചിട്ടുള്ളത് എന്നും പുറമേ ഇവനു വേറെ വല്ല ബിസിനെസ്സും നോക്കുകയാണ് നല്ലതെന്ന ടുട്ടെര്‍ടെ കമന്റും അതില്‍ ഉള്ളതായി അവര്‍ പറഞ്ഞു. ഞാന്‍ അവരോടു എന്റെ പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് അല്ലന്ന ഭാവേന ഞാന്‍ വേറെ വിഷയങ്ങളിലേക്ക് സംസാരം മാറ്റി. അവരുടെ അടുത്തുനിന്നു വിട്ട ഉടനെ തന്നെ ഞാന്‍ നേരെ പോസ്റ്റ്‌മാനെ കാണാന്‍ പോയി. അദ്ദേഹത്തോട് നിങ്ങള്‍ അനോഷിക്കുന്ന യൂനുസ് ഞാനാണെന്നും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഞാന്‍ വീട്ടില്‍ കൊടുത്തു കൊള്ളാം എന്ന് വളെരെ താഴ്മയോടെ അപേക്ഷിക്കുകയും ചെയ്തു.

അത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വളെരെ ഗൌരവത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു "ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നിനക്ക് തരില്ല. നിന്റെ വീട്ടില്‍ തന്നെ കിട്ടാന്‍ വേണ്ടി ഞാന്‍ നിന്റെ പോസ്റ്റ്‌ ഓഫീസ് ആയ കൂട്ടിലേക്ക് ഇത് റീപോസ്റ്റ്‌ ചെയ്യും". "നീ ഇത്രയും കാലം പഠിച്ചത് എന്താണെന്നു വീട്ടുകാര്‍ അറിയുകതന്നെ വേണം". ആദ്യം റീപോസ്റ്റ്‌ എന്നതിന്റെ അര്‍ഥം പിടികിട്ടിയില്ല. പിന്നീട് സന്ദര്‍ഭം മനസ്സിലാക്കി ഈ പ്രോഗ്രസ്സ് കാര്‍ഡ്‌ എന്ന ബാധ എന്നെയും കൊണ്ടേ മടങ്ങുകയുള്ളൂ പിറുപിറുത്തു നിരാശനായി തിരിച്ചുപോന്നു.

തൊട്ടടുത്ത ദിവസം രാവിലെ എന്റെ രണ്ടാമത്തെ മൂത്ത സഹോദരെന്റെ മകന്‍ മദ്രസ വിട്ടുവരുമ്പോള്‍ പതിവിലും കൂടുതല്‍ സന്തോഷത്തോടെ ചൂടുള്ള വാര്‍ത്ത‍ കൊണ്ടോടി വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അവന്റെ ഉമ്മാനെ വിളിച്ചു. "ഉമ്മാ..ഉമ്മാ ...യൂനുസാപ്പാക്ക് ഇംഗ്ലീഷില്‍ മൂന്നും, കണക്കിനു നാലും പിന്നെയുള്ളത്തില്‍ പുജ്യം ഒക്കെ ആണ് മാര്‍ക്ക്‌".

ഇതു കേട്ടതും ഞാന്‍ ഷോക്ക്‌ അടിച്ചത് പോലെ ആയി.ബാധ വീട്ടുപടിക്കലും എതികഴിഞ്ഞെന്നു മനസ്സിലാക്കി. അവനീ മാര്‍ക്കുകള്‍ എന്റെ ഏറ്റവും മൂത്ത സഹോദരന്റെ മക്കള്‍ വഴി മദ്രസയില്‍ നിന്നും അറിഞ്ഞതാണ്. എന്റെ ഏറ്റവും മൂത്ത സഹോദരന് പോസ്റ്റ്‌മാന്‍ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ കൊടുത്തതാണ് ഈ "Junior Mandrake"നെ. അദ്ദേഹം അതിലെ മാര്‍ക്കുകള്‍ ഒട്ടുംമറച്ചു വെക്കാതെ സ്വന്തം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുംയും അവര്‍ അത് മദ്രസയില്‍ പട്ടാക്കുകയും ചെയ്തു. ഈ വിവരം വീട്ടില്‍ അറിയുമ്പോള്‍ എന്നെ അലട്ടുന്ന പ്രധാന പ്രശ്നം എന്റെ നേരെ മൂത്ത സഹോദരെന്റെ ഭാര്യ അറിയുന്നതാണ്. കാരണം അവളും ഞാനും പ്രീഡിഗ്രി ഒന്നാം വര്‍ഷ കോഴ്സ്കാരാണ്. അവള്‍ ഞങ്ങള്‍ടെ വീട്ടിലേക്കു പുതുതായി കല്യാണം കഴിച്ചു വന്നതു കൊണ്ട് എന്നെ പറ്റി കൂടുതല്‍ ഒന്നും അറിയില്ല എന്നതുകൊണ്ട്‌ ഞാന്‍ എന്റെ ക്ലാസിലെ No.1 ആണെന്നൊക്കെ തട്ടി വിട്ടിരുന്നു.

ആ ഇമേജ് ഒക്കെ ഇന്നത്തോടെ തകര്‍ന്നു വീഴുമെന്ന പേടി എന്നെ വല്ലാതെ അലട്ടുകയും കൂടാതെ എന്റെ മാര്‍ക്ക്‌ അവള്‍ടെ മാര്‍ക്കു മായി താരതമ്യം ചെയ്തു എന്നെ വഴക്ക് പറയുമ്പോഴെത്തെ അവസ്ഥ എനിക്ക് ചിന്തിക്കാനെ കഴിഞ്ഞില്ല .എന്റെ പ്രോഗ്രസ്സ് കാര്‍ഡ്‌ കിട്ടിയ സമയത്ത് എന്റെ നേരെ സഹോദരനും, ഭാര്യയും അവരുടെ പാലക്കാട്ടെ വീട്ടില്‍ ആയിരുന്നു.അന്ന് ഉച്ചയാവുംബോഴെക്ക് അവര്‍ മടങ്ങിവരും എന്നറിയാവുന്നതു കൊണ്ടു അവര്‍ വരുന്നതിനു മുമ്പ് എന്തങ്കിലും തീരുമാനത്തില്‍ എത്തണം എന്ന് ഉറച്ചു .

എന്റെ മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ആത്മഹത്യ അല്ലങ്കില്‍ വീട് വിട്ടു പോവുക.അന്ന് ഒന്നാമത്തെ വഴി തിരെഞ്ഞെടുക്കാത്തത് കൊണ്ട്‌ ഈ ബ്ലോഗില്‍ ഈ കഥ ഉള്‍പെടുത്താന്‍ പറ്റി .അങ്ങനെ ഞാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു.അതിനുള്ള കാശും സാഹചര്യങ്ങളും ഒരുക്കുന്നതിന്നു വേണ്ടിയായിരുന്നു എന്റെ അടുത്ത പ്ലാന്‍ .അതിനെ കുറിച്ചും വീട് വിട്ടോടി പോയതിനെ കുറിച്ചും വിശദമായി എഴുതനുല്ലതുകൊണ്ട് അടുത്താഴ്ച വരേയ്ക്കും വണക്കം.

Read more...

സഹവാസിയുടെ നഗ്നസത്യങ്ങള്‍

4 September 2009

പതിനൊന്ന് കൊല്ലത്തെ സ്കൂള്‍ ജീവിതവും രണ്ട് കൊല്ലത്തെ കോളേജ് ജീവിതവും കൊണ്ട് വിദ്യാഭാസ ജീവിതത്തിലെ തോല്‍‌വിയുടേയും വിജയത്തിന്റേയും മധുരം മാറി മാറി ആസ്വദിച്ചു. പുസ്തകം തൊട്ട് നോക്കാതെ ഒന്‍‌പതാം ക്ലാസ്സ് വരെ നീന്തിയെത്തി, ഒന്‍‌പതില്‍ തോറ്റതുകൊണ്ട് പത്താം ക്ലാസ്സില്‍ 600 ബോളില്‍ നിന്നും 216 റണ്‍സിന്റെ മിന്നുന്ന വിജയത്തോടെ കോളേജില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. കോളേജില്‍ ഒരു ഗ്രൂപ്പിലും അഡ്‌മിഷന്‍ കിട്ടാത്ത ഞാന്‍, പവര്‍‌ഫുള്‍ റെക്കമെന്റ് ഉപയോഗിച്ചുകൊണ്ട് ഫസ്റ്റ് ഗ്രൂപ്പ് തന്നെ തരപ്പെടുത്തി. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ തോറ്റോ ജയിച്ചോ എന്നുപോലും എന്റെ വീട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല. അവരോടൊന്നും പറയാത്ത ഒരു നഗ്നസത്യം നിങ്ങളോടായി തുറന്നു പറയുകയാണ്‌. ഞാന്‍ പരീക്ഷ എഴുതിയിട്ടില്ല എന്നാണു വാസ്തവം. കാരണം പരീക്ഷയ്ക്ക് ഇരിക്കുവാന്‍ പോലും ഉള്ള ഹാജര്‍ ഉണ്ടായിരുന്നില്ല എന്നതാണ്‌ സത്യം.

പിന്നീട് മൂന്ന് വര്‍ഷത്തോളം നാട്ടില്‍ തേരാപാരാ നടന്നു, തേരാപാരാ നടന്നാലും അതില്‍ നിന്നും കുറേ അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊണ്ടു. ശേഷം ഞാന്‍ ആദ്യം ഖത്തറിലേക്കും അവിടേന്നും അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അബുദാബിയിലേക്കും കൂട് മാറി. ഇപ്പോള്‍ അബുദാബിയില്‍ ഒരു ട്രാവല്‍ ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കല്യാണവും കഴിഞ്ഞു. ഇതുവരെയായി രണ്ട് വിക്കറ്റ് എടുത്തിട്ടുണ്ട്. സിനിമാനടന്‍ റഹ്‌മാന്റെ ക്ലാസ്സ്‌മേറ്റും മലയാള ബ്ലോഗിലെ പുള്ളിപ്പുലിയായ ഏറനാടന്റെ (സാലിഹ് കല്ലട) റൂം‌മേറ്റും, മങ്കട രവിവര്‍മ്മയുടെ നാട്‌മേറ്റും കൂടിയാണ്‌ ഈ ഞാന്‍. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന ഒരു ടെലിഫിലിമില്‍ (ജുവൈരയുടെ പപ്പ) ദിവസക്കൂലിക്ക് (100) അഭിനയിച്ചിട്ടുമുണ്ട്.

ഇതുവരെയുള്ള എന്റെ ജീവിതത്തിലേയും ഞാന്‍ കണ്ടതും കേട്ടതുമായ സംഭവകഥകളെക്കുറിച്ചുമാണ്‌ ഞാന്‍ ഈ ബ്ലോഗിലൂടെ തുറന്ന് കാട്ടുന്നത്. നിങ്ങളില്‍ ആരെങ്കിലും എന്നെ നേരിട്ട് അറിയാന്‍ ഇടവരികയാണെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ സത്യങ്ങളും ഇനി ബ്ലോഗില്‍ ചേര്‍ക്കാന്‍ പോകുന്ന കഥകളെക്കുറിച്ചും എന്റെ വീട്ടുകാരേയോ, വീട്ടുകാരത്തിയേയോ അതുപോലെ എന്റെ ഓഫീസിലോ അറിയിക്കരുതെന്ന് ദയവായി അപേക്ഷിക്കുന്നു. കാരണം, എന്റെ വീട്ടുകാര്‍ ഞാന്‍ പരീക്ഷ പോലും എഴുതിയിട്ടില്ലാന്ന് അറിഞ്ഞാല്‍ ഞാന്‍ അവരോട് ചെയ്ത ഒരു വഞ്ചന ആയി അതിനെ കാണും. അതുപോലെ എന്റെ വീട്ടുകാരത്തിയോടും ഓഫീസിലും ഞാന്‍ ഹൈലി ക്വാളിഫൈഡ് ആണെന്നാണ് കാച്ചിയിരിക്കുന്നത്.അത്കൊണ്ട് എന്റെ ജോലിയും കുടുംബവും കുട്ടിച്ചോറാക്കരുതേ മക്കളേ എന്നു ഒന്നുകൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്‌..




Read more...
ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP