സഹവാസിയുടെ ലോകത്തേക്ക് സ്വാഗതം

ഒരു മുടിയനായ പുത്രന്റെ കേരള യാത്ര

4 November 2009

പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജുനിയര്‍ മാന്‍ഡ്രേക്ക്  എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

അങ്ങിനെ ആ പ്രോഗ്രസ്സ് കാര്‍ഡ്‌ എന്ന ഒഴിയാ ബാധ കാരണം ഞാന്‍ ഒളിച്ചോടി പോകാന്‍ വേണ്ടി കാശുണ്ടാക്കാനുള്ള വഴികളെ കുറിച്ച് ആലോചിച്ചു.ഒരാശയം മനസ്സില്‍വന്നു.അന്ന് വീട്ടില്‍ എന്റെ നേരെ ജേഷ്ടന്റെ ഫ്രണ്ട്നെയും ഭാര്യ യേയും സല്കാരത്തിന് ക്ഷണിച്ചിരുന്ന വിവരം ഞാന്‍ എന്റെ പ്രോഗ്രസ്സ് കാര്‍ഡ്‌ അഥവാ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പോസ്റ്റില്‍ കാണിച്ചിരുന്നത് ഓര്‍ക്കുമല്ലോ. അവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ തരുന്ന കാശു കൊണ്ട് നാട് വിടാം എന്ന് മനസ്സില്‍ കരുതി. സാധനങ്ങള്‍ വാങ്ങാനുള്ള കാശ് എന്റെ മൂത്ത ജേഷ്ടന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും എടുക്കാനുള്ള ഉമ്മയുടെ അനുവാദം കിട്ടി.ഞാന്‍ കൈകള്‍ വിറച്ചു കൊണ്ട് പോക്കറ്റിലുള്ള മുഴുവന്‍ കാശും എടുത്തു.അപ്പോള്‍ ആ പോക്കറ്റില്‍ ആകെ 60 രൂപയോളം ഉറുപ്പികയാണ് ഉണ്ടായിരുന്നത് . (ഈ സംഭവം 25 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്) .എനിക്ക് സങ്കടവും പേടിയും വരാന്‍ തുടങ്ങി. കാരണം ഞാന്‍ അന്ന് വരെ പെരിന്തല്‍മണ്ണ യുടെ അപ്പുറത്തേക്ക് തനിച്ചു യാത്ര ചെയ്തിട്ടില്ല. കൂടാതെ വീട്ടില്‍ പോലും അധ്വാനിച്ചു ഒരു ജോലി ചെയ്തിട്ടില്ല.ഇങ്ങിനെയുള്ള ഞാന്‍ എങ്ങിനെ യാണ് വല്ല ജോലിയും കിട്ടിയാല്‍ തന്നെ ചെയ്യുക എന്നും കൂടാതെ അന്നോളം വരെ വീട്ടുകാരെ പിരിഞ്ഞിട്ടില്ലാത്ത ഞാന്‍ ആദ്യമായി അവരെ പിരിയേണ്ടി വരുന്നു എന്നും , അതും അവരറിയാതെ എന്നോര്‍ത്തപ്പോള്‍ ഞാന്‍ മനസ്സില്‍ പൊട്ടി കരയുകയായിരുന്നു. ഇതൊന്നു പുറത്തു കാണിക്കാതെ ഉമ്മയോട് സാധനങ്ങള്‍ വാങ്ങിവരാമെന്നു പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി.
സാധനങ്ങള്‍ വാങ്ങിക്കാതെ പാര്‍ട്ടി കുളമാക്കി വീട്ടുകാരെ അപമാനിക്കരുതന്നു കരുതി ഞങ്ങളുടെ ലോക്കല്‍ സിറ്റി ആയ മങ്കടയില്‍ നിന്നും പാര്‍ട്ടിക്ക് വേണ്ട അത്യവശ്യം സാധനങ്ങള്‍ മാത്രം വാങ്ങി ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരാള്‍ വശം കൊടുത്തു വിടുകയായിരുന്നു.ഞാന്‍ ആദ്യം മങ്കടയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് ബസ്‌ കയറി.അവിടെ K.S.R.T.C ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് എവിടേക്ക് യാത്ര ചെയ്യണം എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് തിരുവനന്തപുരം ബസ്‌, സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നത്‌ കണ്ടത്‌ . അതില്‍ കയറി കയ്യില്‍ ആകെ യുള്ള 35 രൂപയില്‍ നിന്ന് 15 രൂപ വഴി ചിലവിനായി മാറ്റിവെച്ചു. കണ്ട്ക്ടര്‍ വന്നു എവിടപോകണം എന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരം എന്ന് പറഞ്ഞു കയ്യിലുള്ള 20 രൂപ നീട്ടി. കണ്ട്ക്ടര്‍ പറഞ്ഞു തിരുവനന്തപുരത്തേക്ക് 27 രൂപ വേണം.ഞാന്‍ ചോദിച്ചു 20 രൂപയ്ക്കു എവിടം വരെ പോകാം?. കണ്ട്ക്ടര്‍ പറഞ്ഞു ആലപ്പുഴ വരെ . എങ്കില്‍ ആലപ്പുഴയിലേക്കുള്ള ടിക്കറ്റ്‌ തന്നോളു.കണ്ട്ക്ടര്‍ സാധാരണ ആളുകള്‍ പറയാത്ത മറുപടി കൊണ്ടാവാം എന്നെ അടിമുടി ഒന്ന് നോക്കി ടിക്കറ്റ്‌ തന്നു തിരിച്ചു പോയി, പിന്നീട് ബസില്‍ ഇരുന്നു കൊണ്ട് ഭാവി പരിപാടിയെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി. എങ്ങിനെയാണ്‌ ജോലി കിട്ടുക.ആരോടാണ് ജോലി ചോദിക്കുക. എന്ത് ജോലിയാണ് എനിക്ക് ചെയ്യാന്‍ കഴിയുക,എവിടെ യാണ് ഉറങ്ങുക എന്നൊക്കെ. എനിക്കാണെങ്കില്‍ ശരീരം ഇളകി ജോലി ചെയ്യാത്തതുകൊണ്ട് അങ്ങിനെ ഭാരിച്ച ജോലി കിട്ടിയാല്‍ തന്നെ ചെയ്യാന്‍ പറ്റുക യില്ല.ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.എന്റെ പത്താം ക്ലാസ്സ്‌ യോഗ്യത വെച്ച് ചെയ്യാന്‍ കിട്ടുന്ന ജോലികള്‍ എന്തൊക്കെ യാണ്.രണ്ടു ജോലികളാണ് എന്റെ മനസ്സില്‍ വന്നത് .ഹോട്ടലിലെ ജോലിയും,ഡോക്ടര്‍ടെ വീട്ടിലെ രോഗികള്‍ക്ക്‌ ടോക്കണ്‍ കൊടുക്കുന്ന ജോലിയും.ഇതില്‍ എനിക്കിഷ്ടപെട്ട ജോലി ഡോക്ടര്‍ടെ ടോക്കണ്‍ കൊടുക്കുന്ന ജോലിയായിരുന്നു. ആലപ്പുഴ എത്തിയാല്‍ ഈ ജോലിക്കായി ഡോക്ടര്‍ മാരുടെ വീടുകള്‍ കയറി അന്നോഷിക്കാം എന്നും തീരമാനിച്ചു.
രാവിലെ 10 മണിക്ക് യാത്ര പുറപെട്ട ഞാന്‍ വൈകുന്നേരം 5 മണിയോടെ ആലപ്പുഴയില്‍ എത്തി.ഇറങ്ങിയ ഉടനെ ഒരു കാലി ചായ വാങ്ങിച്ചു കുടിച്ചു നേരെ ഡോക്ടര്‍ മാരുടെ ബോര്‍ഡര്‍ ഉള്ള വീടുകള്‍ നോക്കി നടന്നു.ഓരോ ഡോക്ടര്‍ മാരുടെ വീട് കാണുമ്പോഴും ജോലി ചോദിക്കാന്‍ ധൈര്യം ഇല്ലാതെ അടുത്ത വീട് നോക്കി നടക്കും.ഇങ്ങിനെ രാത്രി 8 മണി വരെയും ഒരു ജോലി ഉണ്ടോ എന്ന് ചോദിയ്ക്കാന്‍ പോലും ധൈര്യം കിട്ടാതെ നിരാശനായി മടങ്ങി.വിശപ്പ്‌ താങ്ങാനാവാതെ അവശേഷിക്കുന്ന കാശില്‍ നിന്ന് 5 രൂപ കൊണ്ട് രാത്രി ഭക്ഷണവും കഴിച്ചു. നേരെത്തെ ചായ കുടിച്ച അതേ ഹോട്ടലില്‍ നിന്ന് തന്നെയാണ് രാത്രി ഭക്ഷണവും കഴിച്ചത്. അതിനു ശേഷം ആലപ്പുഴ K.S.R.T.C. ബസ്‌ സ്റ്റാന്റ് ലേക്ക് തന്നെ തിരിച്ചു പോയി. അവിടെ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റില്‍ ഞാനും ഇരുന്നു. ഉറങ്ങണമെങ്കില്‍ പേപ്പര്‍ വിരിച്ചു തറയില്‍ കിടക്കണം. എനിക്ക് ഉറക്കം വന്നില്ല. എനിക്ക് വീട്ടുകാരെ കുറിച്ചുള്ള ചിന്തകള്‍ വരാന്‍ തുടങ്ങി.ഉമ്മ എന്നെ കുറിച്ചാലോചിച്ചു സങ്കടപെടുന്നുണ്ടാവും.ജേഷ്ടന്മാരും എന്നെ അന്നോഷിച്ചു നടക്കുന്നുണ്ടാവും. ഇനി എന്ത് ചെയ്യും.വീട്ടിലേക്കു തന്നെ തിരിച്ചു പോയാലോ .വീട്ടില്‍ തിരിച്ചു ചെന്നാല്‍ കുറച്ചു വഴക്കോ അടിയോ കിട്ടി എന്ന് വരാം, എന്നാലും ഇവിടെ കിടന്നു നരകിക്കണ്ടല്ലോ എന്ന് കരുതി വീട്ടിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചു.
പോക്കറ്റിലെ കാശു എണ്ണി നോക്കി. ആകെ 5 രൂപ മാത്രം ബാക്കി. ഇതുകൊന്ടെങ്ങിനെ വീട്ടില്‍ എത്തും.നേരം വെളുത്തപ്പോഴേക്കും മനസ്സില്‍ ഒരു ഐഡിയ ഉദിച്ചു. എന്റെ നേരെ ജേഷ്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന പുതിയ വാച്ച് (ഏകദേശം അന്നത്തെ 400 ഉറുപ്പികയോളംവരും) കയ്യിന്മേലുണ്ടയിരുന്നത് ആര്‍കെങ്കിലുംകൊടുത്തു കിട്ടുന്ന കാശുമായി വീട്ടിലേക്കു തിരിക്കാം എന്ന് . ഇതിനു വേണ്ടി തലേ ദിവസം ഭക്ഷണം കഴിച്ച ഹോട്ടലില്‍ തന്നെ പ്രാതലിനും പോയി.എന്നെ മുന്ന് പ്രാവശ്യവും തുടര്‍ച്ച യായി കണ്ടപ്പോള്‍ കടയുടമ എന്നെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ അയാളോട് വീട്ടില്‍ നിന്നും ഒളിചോടിയതാണെന്നു പറയാതെ ഞാന്‍ കോട്ടയത്തുനിന്നും ബസില്‍ നിന്നും വരുമ്പോള്‍ എന്റെ കാശ്‌ പോക്കറ്റടിച്ചു പോയെന്നും വീട്ടിലേക്കു പോകണ മെങ്കില്‍ 40 രൂപയോളം ആവശ്യമുണ്ടന്നും ഇതിലേക്കായി ഞാന്‍ എന്റെ വാച്ച് നിങ്ങള്‍ക്ക് തന്നിട്ട് പോവാം എന്നും പറഞ്ഞു. എന്റെ വാച്ച് പുതിയതും വിലപിടിപ്പുള്ളതും ആയത് കൊണ്ട് ഞാന്‍ പറഞ്ഞത് സത്യമാണോ എന്ന് നോക്കാതെ അദ്ദേഹം ഉടനെ തന്നെ 40 രൂപ എനിക്ക് തന്നു.ഞാന്‍ അത് വാങ്ങി ബസ്‌ സ്റ്റാന്‍ഡില്‍ വന്നു നേരിട്ട് പെരിന്തല്‍മണ്ണയിലേക്ക് ബസില്ലാത്തതിനാല്‍ എറണാംകുളത്തേക്ക് ബസ്‌ കയറി.


അവിടെ നിന്നു ഞാന്‍ പെരിന്തല്‍മണ്ണയിലേക്ക് ബസ്‌ കാത്തു നില്‍കുമ്പോള്‍ ഒരു അപരിചിതന്‍ എന്നോട് വന്നു ചോദിച്ചു നിങ്ങള്‍ വല്ല ജോലിയും തേടി വന്നതാണോ എന്ന് .എന്തു കൊണ്ടാണ് എന്നോട് ചോദിക്കാന്‍ കാരണമെന്നറിയില്ല . എങ്കിലും ഞാന്‍ ചോദിച്ചു എന്താണ് നിങ്ങളുടെ കയ്യിലുള്ള ജോലി. അയാള്‍ പറഞ്ഞു സിഗ്ഗെരെറ്റ്‌ ബോക്സ്‌കള്‍ വാനില്‍ നിന്നും കടകളിലേക്ക് സപ്ലൈ ചെയ്യുന്ന ജോലി യാണെന്ന് . ജോലി പറഞ്ഞു കേട്ടപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നി. വീട്ടിലേക്കു മടങ്ങി ചമമണ്ടല്ലോ എന്നും കരുതി. കൂടുതല്‍ കാര്യങ്ങള്‍ അപരിചിതനോട് പറഞ്ഞു കൊണ്ടിര്ക്കുന്നതിനിടയില്‍ അദ്ധേഹത്തിന്റെ ജോലിക്കാരനാണെന്ന് പറഞ്ഞ ഒരാള്‍ അവിടേക്ക് വന്നു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം വളെരെ മുഷിഞ്ഞതയിരുന്നു. അയാളെ കണ്ടപ്പോള്‍ ഞാന്‍ കണക്കു കൂട്ടി ഇവരുടെ കൂടെ കൂടിയായാല്‍ എന്റെയും ഗതി ഇതായിരിക്കും എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് നിങ്ങളുടെ ജോലി വേണ്ട.ഞാന്‍ എന്റെ വീട്ടിലേക്കു മടങ്ങുകയാണെന്ന്.
കുറച്ചു കഴിഞ്ഞപ്പോള്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്‌ കിട്ടി.അതില്‍ കയറി പെരിന്തല്‍മണ്ണയില്‍ എത്തി.അവിടെ നിന്ന് എന്റെ സ്വദേശമായ മങ്കട യിലേക്കുള്ള ബസില്‍ കയറി മങ്കടയില്‍ വന്നിറങ്ങി.അപ്പോഴേക്കും രാത്രി 9 മണി യായിരുന്നു. ആ സമയത്തും എന്റെ ജേഷ്ടന്മാര്‍ ഓരോ ബസ്‌ വരുമ്പോഴും ഞാന്‍ ഉണ്ടോ എന്ന് നോക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ വന്നിറങ്ങുന്ന സമയത്ത് എന്റെ മൂന്നു ജേഷ്ടന്‍ മാരും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ട ഉടനെ തന്നെ ഞങ്ങള്‍ എല്ലാവരും കൂടി ആലിംഗനം ചെയ്തു. ഒരു അഞ്ചു കൊല്ലം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തുന്ന പ്രതീതി ആയിരുന്നു അപ്പോള്‍. ഒരു ഗള്‍ഫില്‍നിന്ന് വന്നാല്‍ പോലും കിട്ടാത്ത സീകരണ മാണു എനിക്കവിടെ കിട്ടിയത്. ഉടനെ തന്നെ അവിടുന്ന് ടാക്സി പിടിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കി. ഉമ്മയും സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കരയുന്നുണ്ടായിരുന്നു.ഈ അവസ്ഥയില്‍ ഞാനും വളെരെ ഇളിഭ്യനായിരുന്നു. ഇനി ഒരിക്കലും വീട്ടു കാരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും എന്റെ പക്കല്‍ നിന്നും ഉണ്ടാവില്ല എന്ന് മനസ്സില്‍ ശപഥം ചെയ്തു. ഭക്ഷണവും കുളിയും കഴിഞ്ഞിരിക്കുമ്പോള്‍ എന്നോട് എന്റെ ജേഷ്ടന്‍ പറഞ്ഞു എന്റെ മാര്‍ക്കുകള്‍ ഒക്കെ അവര്‍ നേരത്തെ കണക്കു കൂട്ടിയത്‌ ആണെന്നും ഞാനൊന്നും ജയിക്കും എന്ന പ്രതീക്ഷയില്‍ അല്ല കോളേജില്‍ വിടുന്നതെന്നും പറഞ്ഞു. ഇനി പഠിക്കാത്തതിന്റെ പേരില്‍ എന്നെ ശകാരിക്കുകയോ അടിക്കുകയോ ഇല്ല എന്നും വീട് വിട്ടു പോകണം എന്ന് തോന്നുമ്പോള്‍ കുറച്ചു കൂടുതല്‍ കാശു കയ്യില്‍ കരുതാന്‍ ഉപദേശിക്കുകയും ചെയ്തു.
അങ്ങിനെ ചുമരില്‍ എറിഞ്ഞ ഗോട്ടി പോലെ ഞാന്‍ വീട്ടില്‍ തന്നെ തിരിച്ചെത്തി. പിന്നീടൊരിക്കലും നാട് വിടാന്‍ തോന്നിയിട്ടുമില്ല.

7 comments:

Noufel Wednesday, November 04, 2009 4:47:00 pm  

ആദ്യത്തെ ഉദ്ഘാടനം ഞാന്‍ തന്നെ നടത്തട്ടെ.
കയ്യോടെ ഇതാ തേങ്ങ."ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ"

സംഗതി നന്നായിട്ടുണ്ട്.നല്ല അവതരണം.
പക്ഷെ പെട്ടെന്ന് തീര്‍ന്നത് പോലെ.

keraladasanunni Wednesday, November 04, 2009 7:40:00 pm  

പോന മച്ചാന്‍ തിരുമ്പി വന്താന്‍. ഭേഷ്. നന്നയിട്ടുണ്ട്.
palakkattettan.

ഏറനാടന്‍ Wednesday, November 04, 2009 8:19:00 pm  

സഹമുറിയാ സോദരാ സഹവാസീ...
ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്ന് ഇട്ട ഈ കഥ (അനുഭവം) മുന്നെ എന്നോട് പറഞ്ഞതാണെങ്കിലും ഇവിടെ വായിച്ചപ്പോ ഒന്നൂടെ കിടിലനായിട്ടുണ്ട്. നല്ല ശൈലി വരുന്നുണ്ട്. മാക്സിമം ഒരു സംഭവ റിപ്പോറ്ട്ടിംഗ് ഒഴിവാക്കി കഥാചട്ടക്കൂട്ടിലേക്ക് വരുത്തുമല്ലോ. ഇത് ഏറെക്കുറേ ഉള്ളത് അതുപോലെ വിവരിച്ചതായി. എന്നാലും രസമുണ്ട്.

ഇതേപോലെ ഏറനാട്ടിലെ ഒരു സമദ് നാടുവിട്ട് നിങ്ങളുടെ പെരിന്തല്മണ്ണ ബസ്സ് സ്റ്റാന്ഡില് എത്തിയ കഥ പണ്ട് ഞാന് ബ്ലോഗിലിട്ടത് നേരം കിട്ടിയാല് വായിക്കുമല്ലോ. ഇതാ ഈ ലിങ്കില് ഞെക്കിയാല് വായിക്കാം.
രാജ്യം വിട്ട സമദ്

Anil cheleri kumaran Thursday, November 05, 2009 5:56:00 pm  

നല്ല എഴുത്താണ്. ഏറനാടന്‍ പറഞ്ഞത് പോലെ റിപ്പോര്‍ട്ടിങ്ങ് ശൈലി ഒഴിവാക്കി എഴുതിയാല്‍ നന്നായിരിക്കും.

Paul Monday, March 15, 2010 8:37:00 am  

HI Yoonus bai, i'm very happy to read all your blogs.

ഞാന്‍ പുണ്യവാളന്‍ Thursday, September 01, 2011 6:07:00 am  

ആശംസകള്‍ മണ്‍സൂണ്‍ മധു

Unknown Sunday, February 26, 2017 11:46:00 pm  

Hi Younus,
Wonderful writing.. keep going well..
Best Wishes & Greetings from,
Mushthaq

Post a Comment

ജാലകം

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP